കര്‍ലാട് തടാകക്കരയില്‍ ആടിയും പാടിയും കനവ് പങ്കിട്ട് വയോജനങ്ങള്‍




കര്‍ലാട് തടാകക്കരയില്‍ ആടിയും പാടിയും കനവ് പങ്കിട്ട് വയോജനങ്ങള്‍

* വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് വേറിട്ട അനുഭവമായത്.

'പെരിയാറേ, പെരിയാറേ....' കര്‍ലാട് തടാകക്കരയില്‍ നിന്ന് ഓര്‍മകളുടെയും പഴമകളുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന പാട്ടുയര്‍ന്നപ്പോള്‍ പ്രായം മറന്നവര്‍ താളം പിടിച്ച് ചുവട് വെച്ചു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്നവര്‍ ഉല്ലസിച്ചു. ജീവിതത്തിന്റെ സമ്മര്‍ദങ്ങളും പിരിമുറുക്കങ്ങളും മറന്ന് സന്തോഷിച്ചു.

ഉപേക്ഷിക്കപ്പെടേണ്ടവരല്ല, സംരക്ഷിക്കപ്പെടേണ്ടവരാണ്
മുതിര്‍ന്ന പൗരന്മാരെന്നും അവരുടെ
സംരക്ഷണം നമ്മുടെ കടമയാണ് എന്നും സമൂഹത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ട് വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് വേറിട്ട അനുഭവമായത്. ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പതോളം വയോജനങ്ങളാണ് വിനോദയാത്രയില്‍ പങ്കെടുത്തത്. കര്‍ലാട് തടാകത്തിലേക്കായിരുന്നു ഉല്ലാസയാത്ര. ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷമാണ് തടാകക്കരയില്‍ ഒത്തുകൂടി പോലീസ് ഉദ്യോഗസ്ഥരുടെ കൂടെ ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചത്. അഡീഷണല്‍ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ എസ്.ഐ. ടി. രാജീവ് കുമാര്‍ അദ്ധ്യക്ഷനായി. എ.എസ്.ഐ സണ്ണി ജോസഫ്, ജനമൈത്രി സമിതിയംഗം പ്രഭാകരന്‍ നായര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ ജിഷ്ണു രാജു, ജനമൈത്രി ജില്ലാ നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, കര്‍ളാട് പ്രോജക്ട് മാനേജര്‍ ഇന്‍ ചാര്‍ജ് മാര്‍ട്ടിന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജിഷ്ണു രാജു, സി.പി.ഒ കമറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.