കാനന നടുവിൽ പ്രതീക്ഷയുടെ ബീക്കൻ ലൈറ്റ്
നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം
സമയം: രാത്രി ഒരു മണി.
സ്ഥലം: കടുവയും കാട്ടാനയുമുൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാത.
സന്ദർഭം: കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം കേടായി
ബത്തേരി-ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയിൽ അർദ്ധരാത്രി കുടുങ്ങിയ കുട്ടികളടക്കമുള്ള ഒമ്പത് അംഗ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിർത്തിയില്ല. അതിനിടെ നിരവധി തവണ കാട്ടാനയും മറ്റും വാഹനത്തിന് സമീപത്തുകൂടെ കടന്നുപോയി. ഭയന്ന് വിറച്ച് എന്തു ചെയ്യണമെന്നറിയാതെ കുടുംബം കാറിൽ തന്നെ കഴിച്ചുകൂട്ടി.
ഇത്തിരി നേരം കടന്നു പോയപ്പോൾ ദൂരെ പ്രതീക്ഷയുടെ ബീക്കൺ ലൈറ്റ് തെളിഞ്ഞു. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. കാര്യം തിരക്കിയ പൊലീസിനോട് വാഹനം കേടായെന്നും, ഇതുവഴി പോയ വാഹനങ്ങൾ വന്യമൃഗങ്ങളെ പേടിച്ച് നിർത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തിൽ സുരക്ഷിത 
സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം വഴിയിൽ ഇട്ട് പോകാൻ അവർ മടികാണിച്ചു.
ഇതോടെ പോലീസ് കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. പോലീസ് വാഹനത്തിന്റെ ലൈറ്റുകളെല്ലാം തെളിച്ച് വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് പൊലീസുകാർ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. നീണ്ട രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ട്രാഫിക് പൊലീസുകാർ വാഹനം നന്നാക്കിക്കൊടുത്തു. സുരക്ഷിതമായി തലശ്ശേരി സ്വദേശികളായ ഒമ്പത് അംഗ കുടുംബത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറഞ്ഞുവിടുകയും ചെയ്തു.
ഊട്ടിയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയിൽ കുടുങ്ങിയത്. കാനന പാതയിൽ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആർ. വിജയൻ, ഡ്രൈവർ എസ്.പി.ഒ സുരേഷ് കുമാർ, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
മാതൃകയായി മാനന്തവാടി പോലീസ്
അടിയന്തിര സഹായത്തിനായി 112 ലേക്ക് വിളിച്ച വയോധികയ്ക്ക് പുതുജീവൻ 
ഇടവക പഞ്ചായത്തിലെ വീട്ടിച്ചാൽ എന്ന സ്ഥലത്ത് തനിച്ച് താമസിക്കുന്ന ലില്ലി എന്ന വയോധിക സ്&zwnjട്രോക്ക് വന്നതിനെ തുടർന്ന് ശരീരമാസകലം തളരുകയും മരണത്തെ മുഖാമുഖം കണ്ട് മരണാസന്നമായ നേരത്ത് അടുത്തുള്ള പരിസരവാസികളെ പോലും വിളിക്കാനുള്ള ശേഷിയില്ലാതെ എങ്ങനെയൊക്കെയോ ഫോണെടുത്ത് പോലീസിന്റെ അടിയന്തര സഹായ നമ്പരായ 112 ലേക്ക് വിളിക്കുകയും ഫോണിലൂടെ പറഞ്ഞ വിവരങ്ങൾ വ്യക്തമാവാത്തതിനെ തുടർന്ന് പോലീസ് തിരിച്ചുവിളിച്ച സമയം ഫോൺ എടുക്കാൻ ശേഷിയില്ലാതെ ലില്ലി അബോധാവസ്ഥയിലാവുകയുമായിരുന്നു.തൽക്ഷണം ഉണർന്നു പ്രവർത്തിച്ച മാനന്തവാടി പോലീസ് സ്ഥലത്തെത്തി സമീപവാസികളോട് അന്വേഷിച്ച് അവരുടെ വീട്ടിൽ എത്തുകയും ശരീരമാകെ തളർന്ന് ദുരവസ്ഥയിൽ കിടന്ന ലില്ലിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും അടിയന്തിര ചികിത്സ നൽകി ജീവൻ രക്ഷിക്കുകയുമാണുണ്ടായത്. കൂടാതെ ഇവർക്ക് വേണ്ട മാനസിക പിന്തുണയും മറ്റു സഹായങ്ങളും നൽകിയാണ് മാനന്തവാടി പോലീസ് മാതൃകയായത്. ദൗത്യത്തിൽ മാനന്തവാടി ഇൻസ്&zwnjപെക്ടർ SHO ശ്രീ.അബ്ദുൽ കരീം, ASI മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർ ലിജോ തുടങ്ങിയവരാണുണ്ടായിരുന്നത്.
 ഏത് ആപത് ഘട്ടങ്ങളിലും അടിയന്തിര സഹായ  നമ്പറായ 112 ലേക്ക് വിളിക്കുക.