വനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതി
ജനകീയ പോലീസിംഗ് പദ്ധതിക്കു കീഴിൽ കേരളാ പോലീസ് നടപ്പിലാക്കി വരുന്ന ഒരു സവിശേഷ പദ്ധതിയാണ് വനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതി. സ്ത്രീകളുടെയും, കുട്ടികളുടെയും പ്രത്യേക ശാരീരിക പരിമിതികൾ  അവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വലിയൊരളവു വരെ പങ്കുവഹിക്കുന്നു. സമഗ്രമായ ബോധവൽക്കരണം മുഖേനയും, പ്രായോഗിക പരിശീലന പദ്ധതിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുന്ന ഈ പദ്ധതി ഇതിനോടകം തന്നെ കേരളത്തിലെ സ്ത്രീ സമൂഹത്തിനിടയിൽ മികച്ച ജനപ്രീതി നേടിക്കഴിഞ്ഞു. രാജ്യത്ത് മറ്റൊരു ഏജൻസികളും, ഇത്രയും വിപുലമായ രീതിയിൽ സ്ത്രീകൾക്കായി പ്രതിരോധ പരിശീലന പദ്ധതി നടപ്പിലാക്കിയിട്ടില്ല.
ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇത് ഒരു ലോകറെക്കാർഡ് ആകും എന്നത് നിസ്തർക്കമാണ്. സംസ്ഥാനത്തുട നീളം വിവിധ , ജില്ലകളിലായി ആകെ 2 ലക്ഷത്തോളം വരുന്ന വനിതകൾക്ക്, സ്വയം പ്രതിരോധ പരിശീലനം നൽകികഴിഞ്ഞു. വയനാട് ജില്ലയിലെ കണക്കനുസരിച്ച് സ്കൂളുകൾ, കോളേജുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ  തുടങ്ങിയവ കേന്ദ്രീകരിച്ച് ഇതുവരെ 28540 പേർക്ക് വനിതാ സ്വയം പ്രതിരോധ പരിശീലനം നൽകിയിട്ടുണ്ട്.