അന്വേഷണ മികവിൽ മാനന്തവാടി പോലീസ്

            മാനന്തവാടി പുഴയിൽ തലയറ്റരീതിയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ കാര്യത്തിൽ ഒറ്റ ദിവസത്തെ അന്വേഷണത്തിൽ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് മാനന്തവാടി പോലീസിന്റെ മികവുറ്റ അന്വേഷണത്തിലാണ്. മരിച്ചത് കൊലപാതകക്കേസിലെ പ്രതിയുടെ വീട്ടിലെ തൊഴിലാളികൂടിയാണ് എന്നറിഞ്ഞതോടെ പോലീസിന് ഒന്നുകൂടി ജാഗ്രതപുലർത്തേണ്ടിവന്നു. ഒരു തുമ്പും ലഭിക്കാൻ സാധ്യതയില്ലാതിരുന്ന ഈ കേസിൽ മൃതദേഹം തിരിച്ചറിയാൻ മാനന്തവാടി പോലീസ് നടത്തിയ പ്രവർത്തനം മികവുറ്റതായി.

         കണ്ടെത്തിയ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ബന്ധുക്കളെത്തിയാൽ പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് ഉണ്ടായിരുന്നത്. സാധാരണയായി അജ്ഞാതമൃതദേഹം കിട്ടിയാൽ രണ്ടോമൂന്നോ ദിവസം കാത്തിരുന്ന് ബന്ധുക്കളെത്തിയില്ലെങ്കിൽ നടപടികൾ പൂർത്തിയാക്കി മറവുചെയ്യുമായിരുന്ന ഈ കേസിൽ പക്ഷെ മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ അബ്ദുൾ കരീമും സംഘവും നടത്തിയ മികവുറ്റ അന്വേഷണമാണ് മൃതദേഹം എളുപ്പത്തിൽ തിരിച്ചറിയുന്നതിന് കാരണമായത്. CCTV കേന്ദ്രീകരിച്ചും മറ്റും നടത്തിയ കൃത്യമായ അന്വേഷണം മരിച്ചത് കേണിച്ചിറയിലെ തങ്കപ്പന്റെ വീട്ടിൽ വർഷങ്ങളായി ജോലിചെയ്തിരുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ സുലൈമാൻ ആണെന്ന് മനസ്സിലാക്കിയ പോലീസ് മരണകാര്യത്തിൽ മറ്റു ദുരൂഹതയും തള്ളികളഞ്ഞില്ല. ജൂൺ 29ന് രാത്രി 8.30ന് പതിഞ്ഞ CCTV ദൃശ്യങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് സ്ഥാപിച്ച ക്യാമറയിലും സമീപത്തെ ബേക്കറിയിൽ സ്ഥാപിച്ച കാമറയിലും സുലൈമാന്റെ ദൃശ്യം പതിഞ്ഞിരുന്നു. മൃതദേഹത്തിൽ നിന്ന് കിട്ടിയ വസ്ത്രങ്ങളും കാലിനേറ്റ പരിക്കുകൾ ഉൾപ്പെടെയുള്ള സൂചനകളും പരിശോധിച്ച പൊലീസിന് സി.സി.ടി.വി.യിൽ കണ്ടെത്തിയ ആളും മരിച്ച ആളും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാവുകയും, കേണിച്ചിറയിലെ വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളാണെന്ന വിവരവും ലഭിച്ചു. ഈ വീടന്വേഷിച്ചപ്പോഴാണ്  കേണിച്ചിറയിയിലെ മണി കൊലപാതകക്കേസിലെ പ്രതികളായ തങ്കപ്പന്റെയും മകൻ സുരേഷിന്റെയും വീട്ടിലെ തൊഴിലാളിയാണ് സുലൈമാൻ എന്ന് പോലീസ് മനസ്സിലാക്കിയത്. മുൻപ് ഈ വീട്ടിലെ തന്നെ തൊഴിലാളിയായിരുന്ന മണി എന്നയാളെ തങ്കപ്പനും മകൻ സുരേഷും ചേര്‍ന്ന്‍ കൊന്ന കേസിലെ സാക്ഷി കൂടിയായിരുന്നു സുലൈമാൻ. അന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിലും ഇപ്പോഴത്തെ മാനന്തവാടി ഇൻസ്‌പെക്ടർ അബ്ദുൾ കരീം ഉണ്ടായിരുന്നു. ആയതിനാൽ ദുരൂഹതകൾ തള്ളാതെ അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയത്.  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൂടുതൽ പരിശോധനയ്ക്ക് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് അയച്ചത്. പോസ്റ്റ്മോർട്ടത്തിലും പ്രാഥമിക അന്വേഷണത്തിലും ആത്മഹത്യയാണെന്നും തങ്കപ്പനും കുടുംബത്തിനും മരണ കാര്യത്തിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സുലൈമാന്റെ പിതാവിന്റെ സഹോദരന്റെ മകൻ മൂസ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ശനിയാഴ്ച മാനന്തവാടി പൊലീസിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വൈകീട്ടോടെ കോഴിക്കോട് സിറ്റിയിലുള്ള കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

      അജ്ഞാതനായി മറവ് ചെയ്യപ്പെടേണ്ടി വരുമായിരുന്ന മൃതദേഹത്തിന് ബന്ധുക്കളെ കണ്ടെത്തി വിലാസമുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്  മാനന്തവാടി പോലീസ്. മാനന്തവാടി ഇൻസ്‌പെക്ടർ SHO എം.എം. അബ്ദുൽ കരിംഎസ്.ഐമാരായ രാംജിത്ത്,ഗോപി,  നൗഷാദ്എ.എസ്.ഐമാരായ മെർവിൻ ഡിക്രൂസ്കെ.വി. സജിസിവിൽ പൊലീ സ് ഓഫിസർമാരായ വി.കെ. രഞ്ജിത്ത്കെ. കെ. അജീഷ്ജെയ്മോൻജാസിം ഫൈസൽപൊലീസ് ഡ്രൈവർ കെ.ബി. ബൈജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്