നിരവധി മോഷണ കേസുകളിലെ പ്രതിയായ കുനിയിൽ അയ്യൂബ് പിടിയിൽ

നിരവധി മോഷണ കേസുകളിലെ പ്രതിയായ അഞ്ചാം മൈൽ കുനിയിൽ അയ്യൂബ് (41) നെ മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ  അബ്ദുൾ കരീമിന്റെ  നേതൃത്വത്തിലുള്ള സംഘം അതി വിദഗ്ദമായും സാഹസീകമായും  എറണാകുളത്തു വച്ച് പിടികൂടി. 2014 മുതലാണ് അയ്യൂബ് വയനാട്ടിൽ മോഷണങ്ങൾ പതിവാക്കിയത്. അഞ്ചാംമൈൽ നുച്ചിയൻ മൊയ്തു എന്നയാളുടെ വീട്ടിൽ നിന്നും പത്തര പവനും ഒന്നേമുക്കാൽ ലക്ഷം രൂപയും മോഷണം നടത്തിയായിരുന്നു തുടക്കം, തുടർന്ന് പുതുശ്ശേരി കടവ് അബ്ദുള്ളയുടെ വീട്ടിൽ നിന്ന് 8 പവൻ, 2016 ൽ വാരാമ്പറ്റ സ്വദേശി ആയിഷയുടെ വീട്ടിൽ നിന്നും 20 പവനും 34000 രൂപയും, 2018 ൽ എടവക ചുണ്ടമുക്ക് അടുവത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ നിന്നും ഇരുപത്തി എട്ടര പവൻ, അഞ്ചാം മൈൽ കാട്ടിൽ ഉസ്മാന്റെ വീട്ടിൽ നിന്നും 30 പവനും അയ്യൂബ് മോഷ്ടിച്ചിരുന്നു. കൂടാതെ   മറ്റ് ജില്ലകളിലും  സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 4 വർഷങ്ങളായി പ്രതി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മാനന്തവാടി ഇൻസ്‌പെക്ടർ എസ് എച്ച് ഓ അബ്ദുൾ കരീം നേതൃത്വം നല്കി SI ബിജു ആന്റണി ASI നൌഷാദ് എന്നിവരടങ്ങിയ  അന്വേഷണ സംഘം നിരന്തരം നടത്തിയ  അന്വേഷണത്തിനോടുവിൽ  എറണാകുളത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.