വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി.

കമ്പളക്കാട്: വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അക്രമം കാണിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഡോക്ടറെ 10 വര്‍ഷത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് പിടികൂടി. തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശിയായ തെന്നരസ്(77)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. 2014 ലാണ് സംഭവം. കോട്ടത്തറ പി.എച്ച്.സിയില്‍ ഡോക്ടറായിരുന്ന ഇയാള്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലുള്ള വിരോധത്തില്‍ വില്ലേജ് ഓഫിസില്‍ കയറിച്ചെന്ന് അപേക്ഷ സംബന്ധിച്ച ഫയല്‍ കീറികളയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ ആനന്ദ്, സി.പി.ഒമാരായ അജു തോമസ്, ജിഷ്ണു, അശ്വതി എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.