സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു -

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു - 

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍  ആരംഭിച്ച “ഓപ്പറേഷന്‍ കാവല്‍”ന്‍റെ ഭാഗമായി ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സുജിത്ത് , ജോബിഷ് ജോസഫ് എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും, സംസ്ഥാനത്തുടനീളം മയ്യില്‍, കതിരൂര്‍, വളപട്ടണം,കാസര്‍ഗോഡ്  പയ്യോളി, മലപ്പുറം, ചാലക്കുടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ  സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ   10 ഓളം ക്രിമിനല്‍ കേസുകളില്‍  പ്രതിയാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ  ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന് പാലം  ചക്കാലക്കല്‍ വീട്ടില്‍ സുജിത്ത് (27) .വയനാട് ജില്ലയിലെതന്നെ പുല്‍പ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും ജില്ലക്ക്  പുറത്ത് കാസര്‍ഗോഡ്  പയ്യോളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും, സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഉള്‍പ്പെടെ 4 ഓളം ക്രിമിനല്‍ കേസുകളില്‍  പ്രതിയാണ് പനമരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ  റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട നടവയല്‍ അംശം കയാക്കുന്ന് സ്വദേശി പതിപ്ലാക്കല്‍ വീട്ടില്‍ ജോബിഷ് ജോസഫ് (25) . സുജിത്തും ജോബിഷ് ജോസഫും അടങ്ങുന്ന  സംഘമാണ് 2022  ഒക്ടോബറില്‍ തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് പോലീസ് എന്ന സ്റ്റികർ  പതിച്ച വാഹനവുമായി വന്ന് പോലീസ് എന്ന വ്യാജേനെ ബാംഗ്ലൂരില്‍ നിന്നും വരികയായിരുന്ന സില്‍വര്‍ ലൈന്‍ ബസ്സ് തടഞ്ഞു നിര്‍ത്തി മലപ്പുറം സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം വരുന്ന പണം കവര്‍ച്ച ചെയ്തത് കൊണ്ട് പോയത് . ഈ കേസിൽ പ്രതികളെ  പോലീസ് വേഗത്തിൽ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ്.ആര്‍. ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബഹു.വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.ജില്ലയിലെ ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനായി തുടർന്നും ഇത്തരത്തിലുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.