Traffic Alerts

ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും വസ്തുതകളും

1. വാഹന അപകടങ്ങളില്‍പ്പെട്ട് മരിച്ചവരില്‍ നല്ലൊരു ശതമാനവും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചവരാണ്.
2. താങ്കള്‍ക്കറിയാമോ ഒട്ടും സ്ഥിരതയില്ലാത്ത അല്പം റോഡ് ബന്ധമുള്ള എപ്പോഴും താങ്കളെ മറിച്ചിടാവുന്ന വാഹനമാണിതെന്ന്.
3. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വാഹനത്തില്‍ നിന്നു വീഴുമ്പോഴുണ്ടാവുന്നത്ര ആഘാതം ഏകദേശം മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീഴുന്നതിന് തുല്യമാണെന്ന് അറിയുക.
4. ഓര്‍ക്കുക വീഴുമ്പോള്‍ ആദ്യം തറയിലടിക്കുന്നത് താങ്കളുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണകേന്ദ്രമായ ശിരസ്സായിരിക്കുമെന്ന്.
5. നമ്മുടെ തലയ്ക്ക് ഗോളാകൃതിയായതിനാല്‍ തന്നെ തലയുടെ ഒരു ബിന്ദുവിലായിരിക്കും ആഘാതം സംഭവിക്കുക. ആതിനാല്‍ തന്നെ അത് തീവ്രമായിരിക്കും.
6. ആയതിനാല്‍ MV Act 129 -ാം വകുപ്പില്‍ പറയുന്ന വിധത്തില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പിട്ട് ധരിക്കേണ്ടതാണ്. അതുവഴി തലയ്ക്കുള്ള ആഘാതം ഗണ്യമായി കുറയ്ക്കാവുന്നതാണ്. അറിയുക ഹെല്‍മെറ്റിനുള്ളിലെ EPS ഫോം ആഘാതം തലയില്‍ എത്തുന്നത് കുറയ്ക്കും. അതിനാല്‍ ഗുണനിലവാരമുള്ള (ISI Mark) ഹെല്‍മറ്റ് മാത്രം ധരിക്കുക.
7. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. ഇന്ന് കേരളത്തില്‍ കൂടുതല്‍ പേര്‍ അപകടങ്ങളില്‍ പെടുന്നത് ഇടതുവശത്തു കൂടി മറികടക്കുമ്പോഴാണ്. അതിനാല്‍ മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതു വശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്.
8. മറ്റു വാഹനങ്ങളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത വാഹനമായതിനാല്‍ നിങ്ങളുടെ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ അല്പം മുമ്പോ തന്നെ സിഗ്നല്‍ കൊടുക്കുകയും, പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം വശങ്ങളിലേക്ക് തിരിയുകയോ ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം. Right Turn കള്‍ ചെയ്യുമ്പോഴും U - Turn കള്‍ ചെയ്യുമ്പോഴും വളരെയധികം അപകട സാദ്ധ്യത ഉണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.
9. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ ദൂരം പാലിക്കുക. വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന വ്യക്തിയുമായി കൈകാലുകള്‍ നിവര്‍ത്തിയുള്ള സംസാരത്തില്‍ ഏര്‍പ്പെടാതിരിക്കുക. കൈകാലുകള്‍ നിവര്‍ത്തുന്നത് സിഗ്നല്‍ ആയി കണക്കാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഓര്‍ക്കുക. യാതൊരു കാരണവശാലും പിന്നിലെ യാത്രികന്‍ കൈകൊണ്ട് സിഗ്നല്‍ കാണിക്കാന്‍ പാടുള്ളതല്ല. അതിനുള്ള കാരണം വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മനോധര്‍മ്മം അറിയാതെ കാട്ടുന്ന സിഗ്നല്‍ അപകഗടം ക്ഷണിച്ചുവരുത്തുന്നു.
10. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്.
11. മറ്റ് വാഹനങ്ങള്‍ നമ്മുടെ വാഹനത്തെ മറികടക്കുമ്പോള്‍ നമ്മുടെ വാഹനത്തിന്റെ സ്പീഡ് കുറക്കുകയും ശരിയായ രീതിയില്‍ മറ്റ് വാഹനത്തിന് മറി കടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.
12. മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീട് വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് മാത്രം പ്രവേശിക്കുക.
13. അപ്രതീക്ഷിതമായ അപകട സാദ്ധ്യതപോലും മുന്‍കൂട്ടി കണ്ട് പ്രതിരോധാഷ്ഠിതമായി വേണം വാഹനം ഓടിക്കുവാന്‍.
ഉദാ: ഇടവഴിയില്‍ നിന്ന് മറ്റ് വാഹനങ്ങളും സൈക്കിളുകളും വഴിയാത്രക്കാരും അലഞ്ഞു നടക്കുന്ന മൃഗങ്ങളും നമ്മുടെ വാഹനത്തിന്റെ മുന്‍പില്‍ പെട്ടെന്ന് എത്തിപ്പെടാന്‍ ഇടയുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക.
14. തിരുവുകള്‍ എത്തുന്നതിന് മുന്‍പേ സ്പീഡ് കുറച്ച് ഗിയറില്‍ മിതമായ ആക്‌സിലറേഷനില്‍ മാത്രം തിരുവുകള്‍ എടുക്കുക.
15. ഇരുചക്രവാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ - 30 കി.മീ
Ghat Roads -45 കി.മീ
കോര്‍പറേഷന്‍ മുനിസിപ്പല്‍ ഏരിയ -50 കി.മീ.
N.H -60 കി.മീ.
S.H. -50 കി.മീ
നാലുവരി പാത -70കി.മീ
മറ്റു സ്ഥലങ്ങള്‍ -50 കി.മീ
ബ്രേക്ക് ചെയ്താല്‍ നിര്‍ത്താവുന്ന ദൂരം സ്പീഡ് കൂടുമ്പോള്‍ കൂടുമെന്നും, ചാറ്റല്‍ മഴയോ, ഓയിലോ, ചെളിയോ ഉള്ളപ്പോള്‍ ഈ ദൂരം സാധാരണ വേണ്ടി വരുന്ന ദൂരത്തിന്റെ ഇരട്ടിയില്‍ കൂടുതല്‍ വരുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.
16. മദ്യത്തിന്റെയോ, മയക്കുമരുന്നിന്റെയോ, ലഹരിയായിരിക്കുമ്പോഴും, കൂടുതല്‍ തളര്‍ച്ച ഉള്ളപ്പോഴും, ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്.
17. എല്ലാ ദിവസവും വാഹന ഉപയോഗം തുടങ്ങുന്നതിനു മുന്‍പ് ശരിയായ വിധം മര്‍ദ്ദമുള്ള ടയറുകളും, ഹോണും ലൈറ്റുകളും ശരിയായി പ്രവര്‍ത്തിക്കുന്നവയും, ബ്രേക്കുകള്‍ കാര്യക്ഷമമാണെന്നും താങ്കള്‍ ഉറപ്പുവരുത്തേണ്ടതാണ്.
18. ബ്രേക്ക്, ടയര്‍, ലൈറ്റ് മുതലായ ഭാഗങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ വാഹനം തുടര്‍ന്ന് ഓടിക്കുവാന്‍ പാടില്ല.
19. ഇടുങ്ങിയ പാലങ്ങള്‍, ജംഗ്ഷനുകള്‍, സീബ്രാ ക്രോസിംഗുകള്‍ എന്നിവിടങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുവാന്‍ അവസരം നല്‍കണം.
20. വാഹനത്തിന്റെ വേഗപരിധി പാലിക്കുക. ഒരു കാരണവശാലും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കാതിരിക്കുക.
21. റോഡിലുള്ള ഗട്ടറുകളുടെ ഇടതുവശത്തുകൂടി മാത്രം സഞ്ചരിക്കുക.
22. മത്സരഓട്ടം ഒഴിവാക്കുകയും നിങ്ങളുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക.
23. രാത്രിയില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇരുണ്ട നിറത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുക. ഇരുണ്ട വസ്ത്രങ്ങളും ഉപയോഗിക്കാതിരിക്കുക.
24. റിഫ്‌ളക്ടറുകള്‍ ,ശരിയായ സിഗ്നലുകളും മറ്റ് ട്രാഫിക് അടയാളങ്ങളും അനുസരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഓടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും കൈവശം സൂക്ഷിക്കുക.
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് താങ്കളേയും താങ്കളുടെ കുടുംബത്തേയും സമൂഹത്തേയും ദുരന്തങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗത നിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.
സുഹൃത്തെ താങ്കള്‍ ഇപ്പോള്‍ സുരക്ഷിതനാണ്. താങ്കളുടെ കുടുംബത്തിനും, ഈ നാടിനും താങ്കളെ ആവശ്യമുണ്ട്. അതിനാല്‍ തന്നെ നിയമമനുസരിക്കൂ....... ദീര്‍ഘായുസായിരിക്കൂ.കാറുകളും ജീപ്പുകളും ഓടിക്കുന്നവര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും വസ്തുതകളും

1. അശ്രദ്ധ, അമിതവേഗത, അനവസരത്തിലുള്ള ഓവര്‍ടേക്കിംഗ്, മദ്യപിച്ചുകൊണ്ടുള്ള വാഹന ഉപയോഗം ഈ കാരണങ്ങളെല്ലാം ഒഴിവാക്കാവുന്നതാണ് എന്നും ഇവയാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമെന്നുമുള്ള വസ്തുത താങ്കള്‍ക്ക് അറിയാമോ.
2 സംസ്ഥാനത്തെ റോഡുകളില്‍ ഏറ്റവും അധികം വേഗതയില്‍ പോകുന്ന വാഹനമാണ് കാര്‍. അശ്രദ്ധയോടെയുള്ള ഓവര്‍ടേക്കിംഗ് ആണ് കാറ് അപകടങ്ങളില്‍ നല്ലൊരു പങ്കിനും കാരണം. ആയതിനാല്‍ സ്പീഡ് നിയന്ത്രിക്കുകയും ഒരു കാരണവശാലും അപകടകരമായ ഓവര്‍ ടേക്കിംഗ് ചെയ്യാതിരിക്കുകയും വേണം. സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക.
3. കാറുകള്‍ക്ക് മണിക്കൂറില്‍ പോകാവുന്ന പരമാവധി വേഗത.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ - 30 കി.മീ
Ghat Roads - 45 കി.മീ
കോര്‍പറേഷന്‍ മുനിസിപ്പല്‍ ഏരിയ - 50 കി.മീ
N.H - 85 കി.മീ.
S.H. - 80 കി.മീ
നാലുവരി പാത - 90 കി.മീ
മറ്റു സ്ഥലങ്ങള്‍ - 70കി.മീ
4. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുളള ഒരു വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍ നിന്ന് താഴെ വീഴുന്ന ആഘാതമുണ്ടാക്കുമെന്ന് താങ്കള്‍ക്ക് അറിയാമോ?
5. ഓവര്‍ടേക്കിംഗ് സമയത്ത് മറ്റൊരു വാഹനത്തെ ഇടിയ്ക്കുമ്പോള്‍ ആഘാതം രണ്ടു വാഹനത്തിന്റെയും വേഗതയുടെ ആകെതുകയാണ് എന്ന വസ്തുത താങ്കള്‍ അറിയുക.
6. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതു വശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. എതിര്‍ ദിശയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് സൗകര്യപ്രദമായി പോകുവാന്‍ ആവശ്യമായ വഴി ഉള്ളയിടത്തുമാത്രമേ ഓവര്‍ടേക്കിംഗ് നടത്താവൂ. ശരിയായ സിഗ്നലുകള്‍ കൊടുത്തതിനുശേഷം പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പായ ശേഷം മാത്രമേ വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യാവൂ. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്‍കണം.
7. മദ്യപിച്ച് വാഹനം ഓടിക്കല്‍ കാര്‍ ഡ്രൈവര്‍മാരിലും, ജീപ്പ് ഡ്രൈവര്‍മാരിലും സമാന്യേന കൂടുതലാണ്. മദ്യപിച്ച ശേഷം ഒരു കാരണവശാലും വാഹനമോടിക്കരുത്.
8. വാഹനം ഓടിക്കുന്ന സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ശ്രദ്ധ ഡ്രൈവിംഗില്‍ നിന്ന് മാറുകയും അപകടങ്ങളില്‍ പെടുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ താങ്കള്‍ റോഡ് പൂര്‍ണ്ണമായും കാണുന്നില്ല (കിമേേലിശേീി യഹശിറില)ൈ എന്ന് മനസ്സിലാക്കി ഒന്നുകില്‍ വാഹനം റോഡരുകില്‍ നിര്‍ത്തിയതിനുശേഷം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഡ്രൈവ് ചെയ്യുന്ന സമയം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
9. നല്ലൊരു ഭാഗം കാറപടകങ്ങള്‍, കുടുംബ സമേതം പോകുന്ന വണ്ടികളില്‍ (പ്രത്യേകിച്ചും, രാത്രിയിലുള്ള സമയത്ത്) ഉണ്ടാകുന്നവയാണ്. ഇതിന് പ്രധാന കാരണം വാഹനം ഓടിക്കുന്ന ആള്‍ കാറിനുള്ളിലെ സംഭാഷണങ്ങളില്‍ മറ്റും മുഴുകുന്നതും, ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റുന്നതുമാണ്. പല സ്വകാര്യ കാറുകളും ഓടിക്കുന്നവര്‍ രാത്രിയില്‍ വണ്ടിയോടിച്ച് ശീലമുള്ളവരല്ല. രാത്രികാലങ്ങളില്‍ പ്രത്യേകിച്ച് 12 മണിയ്ക്ക് ശേഷവും, കാലത്ത് 6 മണിക്ക് മുമ്പായും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണം കാറ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ്. ഇതൊഴിവാക്കാന്‍ ഒന്നുകില്‍ രാത്രികാലങ്ങളില്‍ വാഹനമോടിച്ച് നല്ല പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗിക്കുകയോ, അതുമല്ലെങ്കില്‍ ഉറക്കം വരുന്ന സമയം തന്നെ വാഹനം ഓടിക്കല്‍ നിര്‍ത്തി ഉറങ്ങിയുണര്‍ന്നശേഷം മാത്രം വാഹനം ഓടിക്കേണ്ടതാണ്. വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഒരു കാരണവശാലും വാഹനത്തിനുള്ളിലെ കളികളിലും, സംഭാഷങ്ങളിലും ചേര്‍ന്ന് അശ്രദ്ധമായി വാഹനം ഓടിക്കരുത്. നിങ്ങളുടെ ആഘോഷങ്ങള്‍ ചില സെക്കന്റുകള്‍ കൊണ്ട് നിത്യ ദുരന്തങ്ങളായി മാറിയേക്കാം.
10. വളരെ ദൂരം വാഹനം ഓടിച്ച ശേഷം ക്ഷീണം അകറ്റാതെ ഉദ്ദേശിച്ച സ്ഥലത്ത് പെട്ടെന്ന് എത്താനുള്ള ശ്രമം പലപ്പോഴും അന്ത്യയാത്രകള്‍ ആകാറുണ്ട്. ആയതിനാല്‍ ശാരീരികക്ഷമത ഇല്ലാത്ത അവസരങ്ങളില്‍ ക്ഷീണം മാറിയതിനുശേഷം മാത്രം വാഹനം ഓടിക്കുക.
11. മറ്റ് വാഹനങ്ങള്‍ നമ്മുടെ വാഹനത്തെ മറി കടക്കുമ്പോള്‍ നമമുടെ വാഹനം സ്പീഡ് കുറയ്ക്കുകയും, ശരിയായ രീതിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് മറി കടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും വേണം. ചെറിയ റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുമ്പോഴും ട്രാഫിക് റൗണ്ട് എബൗട്ടുകള്‍ തിരിയുമ്പോഴും റൈറ്റ് ഓഫ് വേ മനസ്സിലാക്കി പെരുമാറുക. വലത്തു വശത്തു നിന്നും വരുന്ന വാഹനങ്ങളെ ആദ്യം കടന്നു പോകുവാന്‍ അനുവദിക്കുക. രാത്രിയില്‍ നഗരാതിര്‍ത്തിയില്‍ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. മറ്റുള്ള ഇടങ്ങളില്‍ എതിര്‍ വശത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കണം. വാഹനങ്ങളെ രണ്ടും കല്‍പിച്ച് ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്.
12. വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകിച്ച് വളവുകളില്‍ സെന്‍ട്രിഫ്യൂഗല്‍, സെന്‍ട്രിപെറ്റല്‍ ഫോഴ്‌സസ് ഉണ്ടായിരിക്കുമെന്നും, ആയതിനാല്‍ ബ്രേക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല വണ്ടിയുടെ ചലനമെന്നും മനസ്സിലാക്കുക. വണ്ടിയു#െ സ്പീഡ്, റോഡിന്റെ ചരിവ്, വണ്ടിയിലെ ലോഡ് എന്നിവ അനുസരിച്ച് വണ്ടിയുടെ പ്രതിപ്രവര്‍ത്തനം മാറുമെന്നും അതുകൂടി കണക്കിലെടുത്തുവേണം ബ്രേക്ക് ഉപയോഗിക്കേണ്ടതെന്നും ഓര്‍ക്കുക. ഒരു അപകടം ഒഴിവാക്കേണ്ടതിനു വേണ്ടിയല്ലാതെ യാതൊരു കാരണവശാലും സഡന്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തരുത്. റോഡിന്റെ നടുക്ക്, വണ്ടി നിര്‍ത്തി ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ട്രാഫിക് നിഗ്നലുകള്‍ ഉള്ള പോയിന്റുകളില്‍ സിഗ്നലുകള്‍ക്ക് അനുസൃതമായി ശ്രദ്ധയോടെ വേണം വണ്ടി എടുക്കുവാന്‍. കാല്‍ നടയാത്രക്കാരോ, ഇരുചക്ര വാഹനങ്ങളോ വണ്ടിക്ക് മുന്‍പില്‍പ്പെട്ടിട്ടുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
13. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടും, പുകവലിച്ചുകൊണ്ടും വാഹനം ഓടിക്കരുത്. റോഡിന്റെ മദ്ധ്യഭാഗത്ത് തുടര്‍ച്ചയായ വരയുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കയറി പോകുമ്പോള്‍ അതിന്റെ മുന്നില്‍ നിന്നോ, പിന്നില്‍ നിന്നോ കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് പരമാവധി ശ്രദ്ധിക്കണം. വാഹനം പുറകോട്ട് എടുക്കുന്ന സമയം പിന്‍വശത്ത് ആരും ഇല്ലെന്ന് ഉറപ്പുവരുത്തുക. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്ന കാര്യങ്ങളായ പരസ്യങ്ങള്‍, പുറകിലുള്ള യാത്രക്കാര്‍ എന്നിവയെ ശ്രദ്ധിക്കരുത്.
14 പുറകിലുള്ള വാഹനം ഓവര്‍ ടേക്ക് ചെയ്യാന്‍ സമ്മതിക്കുന്നതിനുള്ള സൂചനയായി റൈറ്റ് ഇന്‍ഡികേറ്റര്‍ ഓണ്‍ ചെയ്യുന്നത് തെറ്റാണ്. അങ്ങനെ ചെയ്യരുത്.
15. വാഹനത്തില്‍ തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കാതിരിക്കുക.
16. വാഹനം ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവ കൃത്യമായി വായിച്ചു മനസ്സിലാക്കുക. ഡ്രൈവര്‍മാരുടെ അറിവില്ലായ്മ, അശ്രദ്ധ, അക്ഷമ, അഹങ്കാരം എന്നിവയാണ് മിക്കാവാറും എല്ലാ അപകടങ്ങളുടെയും കാരണമെന്ന് മനസ്സിലാക്കുക.
17. ട്രാഫിക് പോലീസിന്റെ സിഗ്നലുകള്‍ അനുസരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഒറിജിനലും, വാഹനത്തിന്റെ മറ്റ് രേഖകളും കൈവശം സൂക്ഷിക്കേണ്ടതാണ്.
18. മരണം വരുത്തുവാന്‍ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളില്‍ ജാമ്യം ലഭിക്കാത്തതും 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പനുസരിച്ച് കേസുകളുണ്ടാകും എന്നറിയുക.
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും, സമൂഹത്തെയും ദുരന്തങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗത നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.

യാത്രയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് നിയമപരമായും, ശ്രദ്ധയോടുംകൂടി ഉചിത വേഗതയിലുമാണ് വാഹനയാത്രയെങ്കില്‍ നമുക്ക് സന്തോഷമായി ജീവിച്ചിരിക്കാം.....