ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സമാപനം
- ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കവല എഫ്.സി കുപ്പാടിത്തറ ചാമ്പ്യമാര്‍
- കളികളിലും കലകളിലും മറ്റു കായിക മത്സരങ്ങളിലും ഏര്‍പ്പെട്ട് ലഹരി കണ്ടെത്തണം- മന്ത്രി ഒ.ആര്‍. കേളു
മാനന്തവാടി: കളികളിലും കലകളിലും മറ്റു കായികമത്സരങ്ങളിലും ഏര്‍പ്പെട്ടും മാതാപിതാക്കളെ സ്‌നേഹിച്ചുമാണ് ജീവിതത്തിന്റെ ലഹരി കണ്ടെത്തണ്ടതെന്ന് സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അഭിപ്രായപ്പെട്ടു. സമൂഹത്തെ നശിപ്പിക്കുന്ന മറ്റു ലഹരികളിലല്ല സന്തോഷം കണ്ടെത്തണ്ടത്. ഏല്ലാവര്‍ക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സന്തോഷിക്കണമെന്നും ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകള്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബോള്‍ കാര്‍ണിവലിന്റെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സര പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായികയിനങ്ങളില്‍ വയനാടിന് ഒരുപാട് നല്ല താരങ്ങളുണ്ടെന്നും മയക്കുമരുന്നുകള്‍ക്ക് പിറകെ കൂടാതെ കളി ലഹരിയാക്കി യുവജനങ്ങള്‍ മുന്നോട്ട് കുതിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കവല എഫ്.സി കുപ്പാടിത്തറ ചാമ്പ്യമാരായി. എതിരില്ലാത്ത ഒരു ഗോളിന് 666 വൈത്തിരിയെ കീഴടക്കിയാണ് കവല എഫ്.സി ഒന്നാമതായത്. കെ.വൈ.സി ചേനാട്, ചാഞ്ചില്ലേഴ്‌സ് വെള്ളമുണ്ട എന്നീ ടീമുകള്‍ സെമി ഫൈനലിസ്റ്റുകളായി. വിജയികള്‍ക്ക് മന്ത്രി ഒ.ആര്‍. കേളു, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ചേര്‍ന്ന് ട്രോഫി കൈമാറി. പങ്കെടുത്ത എല്ലാ ടീമുകളിലെ അംഗങ്ങള്‍ക്കും ലഹരിവിരുദ്ധ സന്ദേശമടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. അതിനു ശേഷം നടന്ന അണ്ടര്‍-20 സംസ്ഥാന ചാമ്പ്യന്‍മാരായ വയനാട് ജില്ലാ ടീമും വയനാട് ജില്ലാ പോലീസ് ടീമും തമ്മിലുള്ള സൗഹൃദ മത്സരം കാണികളില്‍ കൈയടികളുയര്‍ത്തി. സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജില്ലാ പോലീസ് ടീം വിജയികളായി.
റിട്ട. പോലീസ് സൂപ്രണ്ട് പ്രിന്‍സ് എബ്രഹാം, വയനാട് ജില്ലാ അഡീ. എസ്.പി. ടി.എന്‍. സജീവ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. അബ്ദുള്‍ കരീം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ഭരതന്‍, മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍, ബത്തേരി ഡിവൈ.എസ്.പി അബ്ദുള്‍ ഷെരീഫ്, കൽപ്പറ്റ ഡിവൈ.എസ്.പി പി.എൽ ഷൈജു, മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ അഗസ്റ്റിന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധി കെ. ഉസ്മാന്‍, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍, സുനില്‍കുമാര്‍, അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, ജനമൈത്രി നോഡൽ ഓഫിസർ കെ.എം. ശശിധരൻ, എസ്.ഐ എം.കെ സാദിർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലാ പോലീസ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടര്‍-19 ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് തിങ്കളാഴ്ച സമാപനമായത്. മെയ് രണ്ടിന് തുടങ്ങിയ തുടങ്ങിയ ടൂര്‍ണമെന്റില്‍
കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളില്‍ ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉള്‍പ്പെടുത്തി ആകെ 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ബത്തേരി ബ്ലോക്കിലെ മത്സരങ്ങള്‍ ബത്തേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലും, കല്‍പ്പറ്റ ബ്ലോക്കിലെ മത്സരങ്ങള്‍ അച്ചൂര്‍ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും, മാനന്തവാടി ബ്ലോക്കില്‍ തവിഞ്ഞാല്‍ 44-ാം മൈല്‍ ഗ്രൗണ്ടിലും, പനമരം ബ്ലോക്കില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടിലും മത്സരങ്ങള്‍ നടന്നു. ഈ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനലില്‍ മത്സരിച്ചത്.
#wayanadpolice #saynotodrugs #KnockOutDrugs #keralapolice
77006