കണ്ഠം പൊട്ടുമാറുച്ചത്തിൽ അവർ ഉറക്കെ വിളിച്ചു... വേണ്ടേ വേണ്ട ലഹരി നമുക്ക് വേണ്ടേ.. വേണ്ട

വൈത്തിരി: പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മൂന്നു ദിവസത്തെ SPC ക്യാമ്പിനോടനുബന്ധിച്ച് 18-09-22 ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി. സ്കൂൾ ക്യാമ്പസിൽ നിന്നും ആരംഭിച്ച റാലി എന്നൂരിലേക്കുള്ള നൂറുകണക്കിന് വിനോദ സഞ്ചാരികളുടെ ഇടയിലൂടെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളോടെ കേഡറ്റുകൾ പ്ലക്കാർഡുകളുമേന്തി റാലിയായി മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ പുക്കോട്  തടാകത്തിൽ എത്തിച്ചേർന്നു.

സഞ്ചാരികളെ കൊണ്ട്  നിബിഢമായ തടാകകരയിലൂടെ കണ്ഠം പൊട്ടുമാറുച്ചത്തിലുള്ള അവരുടെ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഓളപ്പരപ്പുകളെയും സഞ്ചാരികളെയും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തടാകക്കരയിലാകെ അലയടിച്ചു കൊണ്ടിരുന്നു..

ലഹരി കൊണ്ടുള്ള ഏറ്റവും കൂടുതൽ ദൂഷ്യഫലങ്ങൾ അനുഭവിച്ച സമൂഹത്തിലെ താഴെ തട്ടിലുള്ള കുട്ടികളുടെ ഓരോ ശബ്ദവും ലഹരിക്കെതിരെയുള്ള അവരുടെ ശക്തമായ പ്രതിഷേധമായിരുന്നു.. റാലിയിൽ അവർ സ്വയം തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചപ്പോൾ സഞ്ചാരികളായി എത്തിയവർക്കും പിടിച്ചു നിൽക്കാനായില്ല. അവരും ആവേശത്തോടെ ഏറ്റുവിളിക്കുന്നുണ്ടായിരുന്നു..

വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി അസിസ്റ്റൻറ് മോഡൽ ഓഫീസർ ശ്രീ ശശിധരൻ അധ്യക്ഷനായിരുന്നു.. വൈത്തിരി സബ് ഇൻസ്പെക്ടർ ശ്രീ കൃഷ്ണൻ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ, ശ്രീതു കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ നിയാസ്, ലീന ടീച്ചർ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.