കാൾ സെന്ററിന്റെ മറവിൽ ഉള്ള തട്ടിപ്പ് - കാൾ സെന്റര് ഉടമ അടക്കം നാല് പേർ അറസ്റ്റിൽ

കാൾ സെന്ററിന്റെ മറവിൽ ഉള്ള തട്ടിപ്പ് - കാൾ സെന്റര് ഉടമ അടക്കം നാല് പേർ അറസ്റ്റിൽ

 

മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ മഹിന്ദ്ര XUV കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ തട്ടിപ്പ് സംഘത്തെ ജില്ലാ പോലീസ് മേധാവി ശ്രീ. ആനന്ദ് ആർ ഐ പി എസ് ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു.

മീശോ എന്ന ഇ- കോമെഴ്ശ് പ്ലാറ്റ്ഫോമിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരുടെയും, വാങ്ങിയ സാധനങ്ങളുടെയും വിവരങ്ങൾ, ഓർഡർ ഐ. ഡി അടക്കം മീശോയുടെ ഡാറ്റാബേസിൽ നിന്നും ചോർത്തുകയും. കസ്റ്റമറെ  വിളിച്ച് മീശോയുടെ കസ്റ്റമർ കെയറിൽ നിന്നും ആണെന്ന് തെറ്റുധരിപ്പിച്ച്, അവർ നടത്തിയ പർച്ചേസ്സിന് ലക്കി ഡ്രോയിലൂടെ ആഡംബര വാഹനം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു. നികുതിയും മറ്റാവശ്യങ്ങളും പറഞ്ഞ് കസ്റ്റമറുടെ കൈയ്യിൽ നിന്നും പല തവണകളായി പണം കൈക്കലാക്കി സമ്മാനമോ പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.

കാൾ സെന്റർ ഉടമയും ബീഹാർ സ്വദേശിയുമായ സിൻ്റു ശർമ്മയും, സഹായികളും ഡൽഹിയിൽ താമസക്കാരുമായ  എറണാകുളം സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി പ്രവീൺ, തമിഴ്നാട് സ്വദേശി അമൻ എന്നിവരാണ് അറസ്റ്റിൽ ആയത്. കാൾ സെന്ററിൽ നിന്നും ഇരകളെ വിളിക്കാൻ ഉപയോഗിക്കുന്ന 32 ഓളം മൊബൈൽ ഫോണുകളും വിവിധ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളിൽ നിന്നും പ്രതികൾ നിയമ വിരുദ്ധ മാർഗ്ഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ രേഖകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനകൾക്കു ശേഷം കോടതി മുമ്പാകെ ഹാജരാക്കുകയും കോടതി പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ കേരളത്തിലെ മറ്റു ജില്ലകളിൽ സമാനമായ കേസ്സുള്ളതായി അറിയാൻ കഴിഞ്ഞു.

ഈ- കോമെഴ്ശ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഇത്തരം സമ്മാന വാക്ദാനങ്ങൾ ലഭികുമ്പോൾ, ആയതിൻ്റെ വിശ്വാസ്യതയും മറ്റും ഉറപ്പുവരുത്തി ജാഗ്രത പുലർത്തേണ്ടതാണ്. അന്വേഷണ സംഘത്തിൽ ASI ജോയ്സ് ജോൺ, SCPO മാരായ ഷുക്കൂർ പി.എ, റിയാസ് എം.എസ്, സലാം കെ.എ CPO മാരായ ജബലു റഹ്മാൻ, വിനീഷ സി. എന്നിവരും ഉണ്ടായിരുന്നു.