കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ജിജേഷിന് പുനരധിവാസ പാക്കേജ്

 വയനാട്ടിൽ കഴിഞ്ഞവർഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്.
 പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമ്മിച്ചുനൽകുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി.
 സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നൽകാൻ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് നടപടി.
 വയനാട് ജില്ലാ പോലീസ് മേധാവി മുൻപാകെ കഴിഞ്ഞവർഷം കീഴടങ്ങിയ മാവോയിസ്റ്റ് ആണ് കർണാടക സംസ്ഥാനത്തെ വിരാജ് പേട്ട ഇന്ദിരാനഗർ സ്വദേശി ലിജേഷ് (37). വീടും സ്റ്റൈപ്പെന്റും കൂടാതെ തുടർപഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാർഗ്ഗം കണ്ടെത്തുന്നതിനായി ഗവൺമെന്റ് ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താൻ സഹായം നൽകും.വയനാട് പുൽപ്പള്ളിക്കടുത്ത അമരക്കുന്നി എന്ന സ്ഥലത്ത് ജനിച്ച ലിജേഷ് അഞ്ച് വയസുള്ളപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും ഒപ്പം വിരാജ് പേട്ടയിലേയ്ക്ക് കുടിയേറി. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട് മാവോയിസ്റ്റ് സംഘാംഗങ്ങളുടെ സ്വാധീനത്തിൽ സംഘടനയുടെ ഭാഗമായി. ദീർഘകാലത്തെ മാവോയിസ്റ്റ് സംഘടനയിലെ പ്രവർത്തനത്തെത്തുടർന്ന് അതിന്റെ അർഥശൂന്യത ലിജേഷിന് മനസ്സിലായി. തുടർന്ന് സർക്കാരിന്റെ മാവോയിസ്റ്റ് സറണ്ടർ പോളിസിയെപ്പറ്റി അറിയുകയും 2021 ഒക്ടോബർ 25ന് വയനാട്  ജില്ലാ പോലീസ് മേധാവി മുൻപാകെ കീഴടങ്ങുകയുമായിരുന്നു.