കാനന നടുവില്‍ പ്രതീക്ഷയുടെ ബീക്കന്‍ ലൈറ്റ് നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം

കാനന നടുവില്‍ പ്രതീക്ഷയുടെ ബീക്കന്‍ ലൈറ്റ്

നന്ദി പ്രകടിപ്പിച്ച് തലശ്ശേരിയിലെ ഒമ്പതംഗ കുടുംബം

സമയം: രാത്രി ഒരു മണി.

സ്ഥലം: കടുവയും കാട്ടാനയുമുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാത.

സന്ദര്‍ഭം: കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം കേടായി

ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ അര്‍ദ്ധരാത്രി കുടുങ്ങിയ കുട്ടികളടക്കമുള്ള ഒമ്പത് അംഗ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിര്‍ത്തിയില്ല. അതിനിടെ നിരവധി തവണ കാട്ടാനയും മറ്റും വാഹനത്തിന് സമീപത്തുകൂടെ കടന്നുപോയി. ഭയന്ന് വിറച്ച് എന്തു ചെയ്യണമെന്നറിയാതെ കുടുംബം കാറില്‍ തന്നെ കഴിച്ചുകൂട്ടി.

ഇത്തിരി നേരം കടന്നു പോയപ്പോള്‍ ദൂരെ പ്രതീക്ഷയുടെ ബീക്കണ്‍ ലൈറ്റ് തെളിഞ്ഞു. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. കാര്യം തിരക്കിയ പൊലീസിനോട് വാഹനം കേടായെന്നും, ഇതുവഴി പോയ വാഹനങ്ങള്‍ വന്യമൃഗങ്ങളെ പേടിച്ച് നിര്‍ത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം വഴിയില്‍ ഇട്ട് പോകാന്‍ അവര്‍ മടികാണിച്ചു.

ഇതോടെ പോലീസ് കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. പോലീസ് വാഹനത്തിന്റെ ലൈറ്റുകളെല്ലാം തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് പൊലീസുകാര്‍ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. നീണ്ട രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. സുരക്ഷിതമായി തലശ്ശേരി സ്വദേശികളായ ഒമ്പത് അംഗ കുടുംബത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറഞ്ഞുവിടുകയും ചെയ്തു.

ഊട്ടിയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയില്‍ കുടുങ്ങിയത്. കാനന പാതയില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ്് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആര്‍. വിജയന്‍, ഡ്രൈവര്‍ എസ്.പി.ഒ സുരേഷ് കുമാര്‍, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.