കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് 18 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ പൗരനെ പിടികൂടി
കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരനെ ബാംഗ്ലൂരിൽ നിന്ന് വയനാട് പോലീസ് പിടികൂടി. ഇക്വന മോസസ്(30)നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ല സൈബർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കാനഡയിലെ മെയോ ഹോസ്പിറ്റലിൽ മെഡിക്കൽ കോഡർ ആയി ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്ന് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ സെപ്തംബർ മാസം വിവിധ ഓൺലൈൻ ജോബ്സൈറ്റുകളിൽ വിദേശത്ത് ജോലിക്കായി അപേക്ഷ സമർപ്പിച്ച യുവതിയെ കാനഡയിൽ നിന്നുമാണ് എന്ന വ്യാജേന ഇ-മെയിൽ വഴിയും വാട്സാപ്പ് വഴിയുമാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. തുടർന്ന്, വിവിധ ഫീസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞ് ക്രഡിറ്റ് കാർഡ് വഴി 18 ലക്ഷത്തോളം രൂപ തട്ടിപ്പുകാർ വാങ്ങിയെടുത്തു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി കാനഡയുടെ എമിഗ്രേഷൻ വെബ്സൈറ്റിൽ യുവതിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും, യുവതിക്ക് ഡൽഹിയിൽ നിന്നും കാനഡയിലേക്കുള്ള എയർടിക്കറ്റ് എടുക്കുകയും ചെയ്തു. തുടർന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കി വയനാട് സൈബർ പോലീസിൽ യുവതി പരാതിപ്പെട്ടത്. കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസിന് തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമാണ് എന്ന് വ്യക്തമായി.
പരാതിക്കാരിയിൽ നിന്നും വാങ്ങിയ പണത്തിലെ സിംഹഭാഗവും ട്രാൻസ്ഫർ ആയത് നൈജീരിയൻ തലസ്ഥാനമായ അബുജ എന്ന സ്ഥലത്തെ ഒരു ബാങ്കിലേക്കാണ് എന്ന് സൈബർ പോലീസ് മനസിലാക്കി. ഉദ്യോഗാർത്ഥിയെ ബന്ധപ്പെട്ട ഇ-മെയിൽ നൈജീരിയയിൽ രജിസ്റ്റർ ചെയ്തതാണ്. കൂടാതെ. തട്ടിപ്പ്കാർ ഉപയോഗിച്ച ബാങ്ക് അകൗണ്ടുകളും സിംകാർഡുകളും വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളവരുടെതാണ്. തട്ടിപ്പ് സംഘത്തിന് ബാംഗ്ലൂരിൽ കണ്ണികളുണ്ട് എന്ന് വ്യക്തമായതിനെ തുടർന്ന് രണ്ട് മാസത്തോളം നിരവധി ഓൺലൈൻ ആപ്പുകളും സോഷ്യൽ മീഡിയ സൈറ്റുകളും ഐ.പി അഡ്രസ്സുകളും വിശകലനം ചെയ്ത പോലീസ് പ്രതി താമസിക്കുന്ന ഫ്ലാറ്റ് ലൊക്കേഷൻ കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണസംഘത്തിൽ വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫ്, SCPO കെ. റസ്സാക്ക്, കെ.എ. അബ്‌ദുൽ സലാം , പി.എ. അബ്ദുൽ ഷുക്കൂർ, CPO അനൂപ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.
ജോബ് വിസക്ക് അപേക്ഷിക്കുമ്പോൾ ജാഗ്രത വേണം- പദം സിംഗ് ഐ.പി.എസ്
ജോബ് വിസക്കായി ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ തൊഴിലുടമയുടെയും ഏജന്റിന്റെയും വിശ്വാസ്യത നേരിട്ടോ ഓൺലൈൻ റിവ്യു വഴിയോ ഗവ. ഏജൻസികൾ വഴിയോ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. ഒട്ടനവധി തട്ടിപ്പുകാർ പ്രമുഖസ്ഥാപനങ്ങളുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വ്യാജ സ്ഥപനങ്ങൾക്ക് എതിരെ പോലീസ് ഓൺലൈൻ സ്പെഷ്യൽ ഡ്രൈവുകളും നടത്തി വരുന്നുണ്ട്. വിസക്കായി നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാട് നടത്തുക. ഇടപാട് നടത്തുന്നതിന് മുമ്പ് ഈ അക്കൗണ്ടുകളുടെ വിശ്വാസ്യത ബാങ്കുകളുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതുമാണ്. തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ അല്ലങ്കിൽ ജില്ലാ സൈബർ പോലീസിലോ പരാതിപ്പെടേണ്ടതാണ്.
കാനഡയിൽ ജോലി വാഗ്ദാനം: