കൽപ്പറ്റ: രക്തച്ചൊരിച്ചിലില്ലാതെയും, മാവോയിസ്റ്റുകൾ കടന്ന് കയറിയ വീട്ടിലെ അംഗങ്ങളെ സുരക്ഷിതരാക്കിയും പഴുതടച്ച ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തിലൂടെ, പാളിച്ചകളില്ലാതെ പദ്ധതി നടപ്പാക്കാനായതിനാലാണ് മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടാൻ വയനാട് പോലീസിനായതെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് പറഞ്ഞു. കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയായിരുന്നു മാവോയിസ്റ്റുകൾക്കെതിരെ ഏറ്റുമുട്ടിയത്.
ഒരു മാസം മുൻപ് മാവോയിസ്റ്റുകൾ കമ്പമലയിൽ പട്ടാപ്പകൽ ആക്രമണം നടത്തിയയത് മുതൽ ജില്ലാ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾക്കായി കനത്ത തിരച്ചിൽ നടത്തി വരികയായിരുന്നു. രാത്രിയും മറ്റും നിരന്തരം പട്രോളിങ് നടത്തിയിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും വന മേഖലകളിൽ പരിശോധനക്കായി ഉപയോഗിച്ചു.
07.11.2023 തീയതി രാത്രി പത്തു മണിയോടെ പേര്യ ചപ്പാരം കോളനിയില് വെച്ചാണ് അഞ്ചംഗ മാവോവാദി സംഘത്തിലെ രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന് ആവശ്യപ്പെട്ടിട്ടും പോലീസിനു നേരെ നിരന്തരം വെടിയുതിര്ത്തതിനെ തുടര്ന്ന് സ്വയരക്ഷാര്ത്ഥമാണ് പോലീസ് തിരിച്ചും ഫയര് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് ഒരു എ.കെ. 47 നും, ഒരു ഇന്സാസും, രണ്ട് നാടന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.
മാവോയിസ്റ്റ് ഭീഷണി ഭീതി വേണ്ട- കൂടെയുണ്ട് പോലീസ്