ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്‍റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന് മികച്ച പ്രതികരണം.

ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പോലീസിന്‍റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന് മികച്ച പ്രതികരണം. പോലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ചിങ്ങം ഒന്നുമുതലാണ് കേരളാ പോലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം ... ഒത്തിരി കാര്യം എന്ന പേരില്‍ ക്യാംപയിന്‍ ആരംഭിച്ചത്.  

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം,  ആക്സിഡന്‍റ് ജി ഡി എന്‍ട്രി എങ്ങനെ ലഭിക്കും, ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അഥവാ എഫ്.ഐ.ഐര്‍ എന്നാല്‍ എന്ത്, അതെങ്ങനെ ലഭിക്കും എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായി വരുന്ന പോലീസ് സേവനങ്ങളെ കുറിച്ചും അവ സുഗമമായി ലഭിക്കുന്ന മാര്‍ഗ്ഗങ്ങളെ കുറിച്ചും വളരെ ലളിതമായി പോലീസ് ഈ പംക്തിയിലൂടെ പറഞ്ഞ് തരുന്നു.

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനുളള ഉത്തരമാണ് ആദ്യ ദിനത്തില്‍ നല്‍കിയത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെയെന്നും വിശദീകരിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നത് മുതല്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പോല്‍-ആപ് ഡൗണ്‍ ലോഡ് ചെയ്യുന്നതടക്കം എല്ലാ വിവരങ്ങളും ഉള്‍ക്കൊളളിച്ചുകൊണ്ടായിരുന്നു ഉത്തരം. തുണ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയെന്നും വിശദമാക്കുന്നുണ്ട്.

സൈബര്‍ തട്ടിപ്പുകളില്‍പ്പെട്ടാല്‍ ഉടനടി അറിയിക്കേണ്ട 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാം ദിവസത്തെ പോസ്റ്റ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്‍റെ പ്രാധാന്യവും കേസ് രജിസ്ട്രേഷനന്‍ വരെയുളള കാര്യങ്ങളും ഇതില്‍ പങ്കുവച്ചു.മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നത് ഉള്‍പ്പെടെയുളള വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ക്യാംപയിന്‍റെ ഭാഗമായി വിശദീകരിക്കും.

പോലീസ് നല്‍കുന്ന വിവിധതരം സേവനങ്ങലെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ക്യാമ്പയിന്‍റെ ലക്ഷ്യം. തട്ടിപ്പുകള്‍ക്കെതിരെയും  കുറ്റകൃത്യങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ക്യാംമ്പയിന്‍ വഴി സാധിക്കും. 

ചിങ്ങം ഒന്നിന് ആരംഭിച്ച ക്യാംമ്പയിനിലൂടെ എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് പോലീസിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ പ്രാധാന്യമേറിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കും.