ജനമൈത്രി പോലീസിന്റെ സ്വാതന്ത്ര്യദിനക്വിസ് മത്സരം

ജനമൈത്രി പോലീസിന്റെ സ്വാതന്ത്ര്യദിനക്വിസ് മത്സരം
* ജി.എം.ആർ.എച്ച്.എസ്.എസിലെ ശരണ്യ രാജൻ- ബി.എ. ദേവിക ടീം ജേതാക്കൾ
കണിയാമ്പറ്റ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ക്വിസ് മത്സരം നടത്തി. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഹൈസ്ക്കൂൾ/പ്ലസ് ടു വിദ്യാർഥികൾക്കായി 'സ്വാതന്ത്ര്യ സമര ചരിത്രവും, സ്വാതന്ത്ര്യാനന്തര ഇന്ത്യയും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് ഇ. സുരേഷ് ബാബു നയിച്ചു. വിവിധ സ്ക്കൂളുകളിൽ നിന്നും 30-ഓളം ടീമുകൾ പങ്കെടുത്തു. ജി.എം.ആർ.എച്ച്.എസ്.എസിലെ ശരണ്യ രാജൻ- ബി.എ. ദേവിക ടീം ക്വിസ് ജേതാക്കളായി. ജി.എച്ച്.എസ്.എസിലെ അതുൽ കൃഷ്ണ- വന്ദന ബാബു ടീം രണ്ടാം സ്ഥാനവും, എ.എം.എം.ആർ.ജി.എച്ച്. എസ്. എസിലെ എം.പി. വിഘ്നേശ്വർ-കെ ജെ. ലയേഷ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം വയനാട് ജില്ല പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനവും നൽകുകയും ചെയ്തു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും നോഡൽ ഓഫീസറുമായ എ. റാബിയത്ത് അദ്ധ്യക്ഷനായി. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത, കണിയാമ്പറ്റ എം.ആർ.എച്ച്.എസ് സീനിയർ സൂപ്രണ്ട് സി. രാജലക്ഷ്മി, കമ്പളക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. അജേഷ്, കണിയാമ്പറ്റ എം.ആർ.എച്ച്.എസ് എച്ച്.എം പി. വാസന്തി എന്നിവർ സംസാരിച്ചു. ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ സ്വാഗതവും കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സി. ദാമോധരൻ നന്ദിയും പറഞ്ഞു.