മുഖ്യകണ്ണിയായ ഐവറികോസ്റ്റ് സ്വദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി
കൽപ്പറ്റ: എം.ഡി.എം.എ ലഹരി കടത്തിലെ മുഖ്യകണ്ണിയായ ആഫ്രിക്കയിലെ ഐവറികോസ്റ്റ് സ്വദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി വയനാട് പോലീസ്. ഡാനിയേൽ ബാബ അബു(39)വിനെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം ജൂൺ 22ന് രാത്രിയോടെ അറസ്റ്റ് ചെയ്തത്. 2022-ൽ തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ 106 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ മലപ്പുറം സ്വദേശികളായ യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്തിൽ ഇയാൾക്കുള്ള പങ്കിനെ കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്നത്.
2022- നവംബറിൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിനു സമീപം തിരുനെല്ലി പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ പറമ്പിൽ പീടിക, ചീരംകുളങ്ങര വീട്ടിൽ മുഹമ്മദ് ഉനൈസ്(31), വെണ്ണിയൂർ, നെച്ചിക്കൽ വീട്ടിൽ ഹഫ്സീർ (25), വെണ്ണിയൂർ,
നല്ലൂർ വീട്ടിൽ മുഹമ്മദ് ഫാരിസ് (27) എന്നിവരെയായിരുന്നു എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തിരുന്നത്. ഇവരുടെ മൊഴി പ്രകാരം കൂട്ടുപ്രതിയായ പൂക്കിപറമ്പ ചത്തേരി വീട്ടിൽ ജുനൈസ്(23)നെയും പിന്നീട് അറസ്റ്റ് ചെയ്തു. ജുനൈസിന്റെ മൊഴി പ്രകാരം ഇവർ എം.ഡി.എം.എ വാങ്ങിയത് ഒറ്റപ്പാലം സ്വദേശിയായ അനീസിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന്, അനീസിന്റെ ബാംഗ്ലൂരിലുള്ള താമസസ്ഥലത്ത് എത്തി പോലീസ് അന്വേഷണം നടത്തിയതിൽ അനീസ് എം.ഡി.എം.എ വാങ്ങിയത് ആഫ്രിക്കൻ സ്വദേശി ഡാനിയേലിൽ നിന്നുമാണെന്നും ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഡാനിയേലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എസ്.ഐ സി.ആർ. അനിൽകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ അനീഷ്, പ്രജീഷ്, ജോബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. എ.എസ്.പി തപോഷ് ബസുമതാരി ഐ.പി.എസ്, മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സിബി മാത്യു, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.യൂ ബാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു. ലഹരി ഉപയോഗവും ലഹരിക്കടത്തും തടയുന്നതിനായി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പദം സിംഗ് IPS അറിയിച്ചു.
എം.ഡി.എം.എ ലഹരി കടത്ത്: വിദേശ പൌരന്‍ പിടിയില്‍