'ജ്വാല' സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി


'ജ്വാല' സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി

കേരള പോലീസ് സംസ്ഥാനത്തുടനീളം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടിയായ  'ജ്വാല' യുടെ ജില്ലാതല ഉദ്ഘാടനം ബഹു. കൽപ്പറ്റ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് തപോഷ് ബസുമതാരി ഐ. പി. എസ് നിർവഹിച്ചു. അന്തർദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളണ്ടിയേഴ്സും  സംയുക്തമായി സ്ത്രീ ജീവനക്കാർക്കും, വിദ്യാർഥികൾക്കുമായി ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടനം നടന്നത്. സ്ത്രീകൾക്കെതിരെ സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമങ്ങളെ ഒരു പരിധിവരെ സ്വയം നേരിടാൻ ഇവരെ പ്രാപ്തരാക്കുന്ന പ്രത്യേക പരിശീലന പരിപാടിയാണ് ജ്വാല.തൊഴിലിടങ്ങളിലും, പൊതു യാത്ര മാധ്യമങ്ങളിലും, പൊതു പരിപാടികളിലും മറ്റും ഇവർക്കെതിരെ നടക്കുന്ന ആക്രണമങ്ങൾ കൂടിവരുന്നു സാഹചര്യത്തിൽ ജ്വാലയ്ക്ക്  പ്രത്യേക പ്രാധാന്യമുണ്ട്. പരിശീലനം ലഭിച്ചവരിൽ നിന്നും അവരുടെ കൂട്ടുകാർക്കും , ബന്ധു ജനങ്ങൾക്കും, സഹപ്രവർത്തകർക്കും ഈ അറിവുകൾ കൈമാറും വിധം അവരെ പ്രാപ്തരാക്കിക്കൊണ്ടാണ് ജ്വാല മുന്നേറുന്നത്.

ബഹു. വയനാട് വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റബിയത്ത് അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ വനിത സെൽ സബ്ബ് ഇൻസ്പെക്ടർ കെ എം ജാനകി സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത, എ ജി എം സൂപ്പി കല്ലങ്കോടൻ, കേരളാ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറും എ ജി എമ്മുമായ ഡോ.ഷാനവാസ് പള്ളിയാൽ, എച്ച് ആർ വിഭാഗം സീനിയർ മാനേജർ സംഗീത സൂസൻ, ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ശശിധരൻ കെ. എം എന്നിവർ ആശംസകൾ അറിയിച്ചു. സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രെയിനർമാരായ ഫൗസിയ, ശ്രീജിഷ, ജഷിത, രേഷ്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.